ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനെയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഒഴിവുകള്‍ കൃത്യമായും യഥാസമയത്തും റിപ്പോര്‍ട്ട് ചെയ്യുന്നതിനും റാങ്ക് ലിസ്റ്റുകളില്‍നിന്നും പരമാവധി നിയമനം ഉറപ്പുവരുത്തുന്നതിനും ഇതിലൂടെ കഴിഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2018 ഡിസംബര്‍ വരെ 90,183 പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കി. ഇക്കാലയളവില്‍ വിദ്യാഭ്യാസ വകുപ്പില്‍ 4434 ഉം ആരോഗ്യവകുപ്പില്‍ 4217 ഉം ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി 18,896 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. മാത്രമല്ല, വിവിധ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി മുഖാന്തരമാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. നിയമനം പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നതിനായി അടിയന്തരമായി സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പി.എസ്.സി മുഖേനയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളുടെ കൃത്യതയും പുരോഗതിയും വിലയിരുത്തുന്നതിനായി 'വരം' എന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം, ഒഴിവുകള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് പി.എസ്.സിയുടെ 'ഇ-വേക്കന്‍സി' സോഫ്റ്റ്‌വെയറും ഉപയോഗിച്ചുവരുന്നു.
എല്ലാ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സര്‍വ്വകലാശാലകളിലെയും എല്ലാ തസ്തികകളിലും നിലവിലുള്ള എല്ലാ ഒഴിവുകളും കൃത്യമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ നിയമനാധികാരികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിവരുന്നു. 2019 ലെ പ്രതീക്ഷിത ഒഴിവുകള്‍ ജനുവരി 31-നു മുമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്‍ വിവിധ വകുപ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. നിയമസഭയിലാണ് ഇക്കാര്യം മറുപടിയായി അറിയിച്ചത്.
നിയമന വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment