Latest

an>

Monday, 4 December 2017

ഒറ്റ പരീക്ഷയും ഒറ്റവാക്കിലുത്തരവും ഇനിയില്ല: പിഎസ്‌സിയുടെ പുതിയ പരീക്ഷാ സംവിധാനം പുതുവര്‍ഷത്തില്‍



തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പി എസ് സിയുടെ പുതിയ പരീക്ഷാ സംവിധാനം പ്രാബല്യത്തില്‍ വരും. പി.എസ്.സി തത്വത്തില്‍ അംഗീകരിച്ച പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ 2018 മാര്‍ച്ചോടെ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ പദ്ധതി. ഇതോടെ സര്‍ക്കാര്‍ ജോലിക്ക് ഒറ്റ പരീക്ഷയും ഒറ്റവാക്കിലുത്തരവും എന്ന പരമ്പരാഗത സമ്പ്രദായത്തിനാണ് മാറ്റം വരുക.
സര്‍ക്കാര്‍ ജോലിക്കുവേണ്ടി ഉദ്യോഗാര്‍ത്ഥികള്‍ കാണാപാഠം പഠിച്ചെഴുതുന്ന രീതി അത്ര നല്ലതല്ലെന്ന വിലയിരുത്തലാണ് പി എസ് സി പുതിയ പരിഷ്‌കാരങ്ങള്‍ക്ക് രൂപം നല്‍കാന്‍ കാരണം. വിവരാണാത്മക ഉത്തരങ്ങള്‍ എഴുതേണ്ട ചോദ്യങ്ങളായിരിക്കും ഇനി പി എസ് സി പരീക്ഷകള്‍ക്കുണ്ടാവുക. മാത്രമല്ല തസ്തികകള്‍ക്കനുസരിച്ച് ഒന്നോ, രണ്ടോ ഘട്ടങ്ങളായിട്ടുള്ള പരീക്ഷയായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ എഴുതേണ്ടത്.
വിവരണാത്മക പരീക്ഷക്ക് ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനു മുന്നോടിയായി ഡിസംബര്‍ അഞ്ചിന് സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായി പി.എസ്.സി അധികൃതര്‍ കൂടിക്കാഴ്ച നടത്തും.
സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന് ചുമതലയുള്ള സിഡിറ്റ് അധികൃതരും ചര്‍ച്ചയില്‍ പങ്കെടുക്കും. വിവരാണാത്മക പരീക്ഷയ്ക്കും ഓണ്‍ലൈന്‍ സംവിധാനം സാധ്യമാക്കിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ മാതൃകയാണ് പി എസ് സിയും സ്വീകരിക്കുന്നത്. നിലവില്‍ കേരളത്തില്‍ ഒ എം ആര്‍ പരീക്ഷയ്ക്കുമാത്രമാണ് ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയം നടത്തുന്നത്.
അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും നിലവാരം ഉറപ്പാക്കാനും പുതിയ പരീക്ഷ സമ്പ്രദായത്തിലൂടെ കഴിയുമെന്നാണ് പി എസ് സിയുടെ പ്രതീക്ഷ. 2018 മുതല്‍ എസ് എസ് എല്‍ സി, പ്ലസ് ടൂ, ഡിഗ്രി യോഗ്യതയുള്ള തസ്തികകളില്‍ ഇനി ഒന്നിച്ചാവും പരീക്ഷ നടത്തുക.
ഒരേ യോഗ്യതയുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ ഒറ്റ പരീക്ഷയും, രണ്ടാം ഘട്ടത്തില്‍ തസ്തികയുടെ വ്യത്യാസമനുസരിച്ചുള്ള പരീക്ഷയായിരിക്കും നടത്തുക. കൂടാതെ പ്രായോഗിക പരീക്ഷ വരുന്ന തസ്തികയ്ക്കും ഒന്നിച്ചായിരിക്കും വിജ്ഞാപനമിറക്കുക.

No comments:

Post a Comment